പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം വർദ്ധിക്കുന്നു

Published on


                            പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം വർദ്ധിക്കുന്നു

പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 50 ശതമാനംവരെ ഉയരാൻ കാരണമായിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയർന്നതോടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം വർദ്ധിക്കുന്നു. പെട്രോൾ ലിറ്ററിന് 18 രൂപയും ഡീസൽ ലിറ്ററിന് 35 രൂപവരെയും നഷ്ടമുണ്ടാകുന്നതായാണ് കണക്ക്.

അന്താരാഷ്ട്ര അസംസ്‌കൃത എണ്ണവിലയ്ക്കനുസരിച്ച് രാജ്യത്ത് പെട്രോൾ, ഡീസൽ വില പരിഷ്‌കരിക്കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ, 2022 ഏപ്രിലിനുശേഷം ഇന്ധനവില വർദ്ധിപ്പിച്ചിട്ടില്ല. അന്താരാഷ്ട്ര എണ്ണവിലക്കനുസിരിച്ച് എക്‌സൈസ് തീരുവ ക്രമീകരിച്ച് സ വില പിടിച്ചുനിർത്തുകയാണ് ചെയ്യുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 50 ശതമാനംവരെ ഉയരാൻ കാരണമായിട്ടുണ്ട്. ആക്രമണത്തിന് മുമ്പ് അസംസ്‌കൃത എണ്ണവില 65 ഡോളർമുതൽ 70 ഡോളർവരെയായിരുന്നു. ഇപ്പോൾ 95 ഡോളറിനും 110 ഡോളറിനും ഇടയിലാണ്.

നിലവിൽ നാലു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതും ഇന്ധനവില ഉയർത്താതിരിക്കാൻ കാരണമാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്നതിന്റെ 88 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നതാണ്. മൊത്തം ഇറക്കുമതിയുടെ 45 ശതമാനംവരെ മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നാണ്. ഹോർമുസ് കടലിടുക്കിൽ ചരക്കുനീക്കം തടസ്സപ്പെട്ടതിനെത്തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നടക്കം ഇന്ത്യ കൂടുതൽ എണ്ണ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഏപ്രിലിൽ ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ ശരാശരി വില വീപ്പയ്ക്ക് 123.24 ഡോളറാണ്. മാർച്ചിലിത് 113.49 ഡോളറായിരുന്നു.