വിമാനയാത്രക്കാർക്ക് തിരിച്ചടി; 60% സീറ്റ് മാറ്റിവെക്കൽ ഉത്തരവ് കേന്ദ്രം റദ്ദാക്കി

Published on


                            വിമാനയാത്രക്കാർക്ക് തിരിച്ചടി;  60% സീറ്റ് മാറ്റിവെക്കൽ ഉത്തരവ് കേന്ദ്രം റദ്ദാക്കി

വിമാനക്കമ്പനികളുടെ എതിർപ്പിനെത്തുടർന്നാണ് യാത്രക്കാർക്ക് തിരിച്ചടിയാകുന്ന തീരുമാനം. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) പുതിയ സർക്കുലർ ഇറക്കി.

ആഭ്യന്തര വിമാനങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങിൽ 60 ശതമാനം സീറ്റെങ്കിലും അധികച്ചാർജ് ഈടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന നിർദേശം കേന്ദ്രസർക്കാർ താത്കാലികമായി റദ്ദാക്കി.

വിമാനക്കമ്പനികളുടെ എതിർപ്പിനെത്തുടർന്നാണ് യാത്രക്കാർക്ക് തിരിച്ചടിയാകുന്ന തീരുമാനം. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) പുതിയ സർക്കുലർ ഇറക്കി. കഴിഞ്ഞ മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഓരോ വിമാനത്തിലെയും 60 ശതമാനം സീറ്റുകൾ യാത്രക്കാർക്ക് അധികതുക നൽകാതെ തിരഞ്ഞെടുക്കാൻ കഴിയുമായിരുന്നു.

അതേസമയം, ഒരേ പി.എൻ.ആറിൽ ടിക്കറ്റ് എടുത്തവർക്ക് ഒന്നിച്ചിരിക്കാനുള്ള സൗകര്യം ഉറപ്പാക്കണമെന്ന നിർദേശം നടപ്പാക്കണമെന്ന് നിർദേശമുണ്ട്. നിലവിൽ വിമാനങ്ങളിൽ 20 ശതമാനം സീറ്റുകൾമാത്രമാണ് സൗജന്യമായി ലഭിക്കുന്നത്.

60 ശതമാനം സീറ്റ് അധികച്ചാർജ് ഈടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കുന്നത് വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്.ഐ.എ.) സർക്കാരിന് കത്തയച്ചിരുന്നു. പ്രധാന വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടുന്ന സംഘടനയാണിത്.